Thursday, September 25, 2008

മോഹന്‍ലാല്‍ : മലയാള സിനിമയിലെ അമിതാഭ് ബച്ചന്‍ ആവുമോ?

തട്ടിപ്പുകാരുടെയും വെട്ടിപ്പുകാരുടെയും പിന്നെ ദൈവത്തിന്റെയും സ്വന്തം നാട്ടില്‍ മലയാളിക്ക് ലഭിച്ച വരദാനമാണ് മോഹന്‍ലാല്‍. അഭിനയ മികവു കൊണ്ടു പ്രേക്ഷക മനസ്സു കീഴടക്കിയ ലാല്‍ എന്ന അഭിനയ പ്രതിഭ ഒരിക്കല്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരവുമായിരുന്നു. തന്റെ സ്വതസിദ്ധമായ പ്രതിഭാപാടവം കൊണ്ടു സിനിമാചരിത്രത്തില്‍ തന്റേതായ സ്ഥാനം കരസ്ഥമാക്കിയ മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭക്ക് ഹിന്ദി സിനിമയില്‍ അമിതാഭ് ബച്ചനുള്ള സ്ഥാനമാണ് മലയാള സിനിമയില്‍ പ്രേക്ഷകര്‍ നല്‍കിയത്.

നിരൂപകരും വിമര്‍ശകരും ഒരേ പോലെ അഭിനയ പ്രതിഭ എന്നും ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാള്‍ എന്നും വിശേഷിപ്പിച്ച ലാല്‍ തന്റെ പ്രതിഭയോടും തന്നില്‍ പ്രേക്ഷകര്‍ അര്‍പ്പിച്ച വിശ്വാസത്തോടും ഇക്കാലത്ത് നീതി പുലര്‍ത്തുന്നുണ്ടോ? അഭിനയ സിദ്ധി കൊണ്ടും പ്രതിഭ പാടവം കൊണ്ടും ഒരു പക്ഷെ പ്രായം കൊണ്ടു പോലും അമിതാബ് ബച്ചനെക്കാലും ലാല്‍ ഒരു പടി മുന്‍പന്തിയില്‍ നില്‍ക്കുന്നുണ്ടാവാം.. പക്ഷെ കാലവും പ്രേക്ഷകരുടെ അഭിരുചിയും മാറുമെന്നും, തന്റെ പ്രായത്തിനോ ശരീരപ്രകൃതിക്കോ ഒട്ടും യോജിക്കാത്ത നായക കഥാപാത്രങ്ങള്‍ പ്രേക്ഷകരെ തന്നില്‍ നിന്നും അകറ്റുമെന്നും ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത മോഹന്‍ലാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തന്നെ സ്നേഹിച്ചിരുന്ന മലയാള സിനിമാ പ്രേക്ഷകരെ തന്നില്‍ നിന്നും അകറ്റിക്കൊണ്ടിരിക്കുകയാണ്‌.

അമിതാഭ്ബച്ചനെ പ്രേക്ഷക ലക്ഷങ്ങള്‍ ആദരിക്കുന്നതും സ്നേഹിക്കുന്നതും ഒരുപക്ഷെ അദ്ദേഹം തന്റെ കഴിവിനിണങ്ങിയ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നത് കൊണ്ടുമാവാം... ഒരു പക്ഷെ ഇങ്ങനെ എഴുതാന്‍് എന്നെ പ്രേരിപ്പിച്ചതും മോഹന്‍ലാലിന്റെ പുതിയ സിനിമകള്‍ കണ്ടത് കൊണ്ടുണ്ടായ
ദുരനുഭവങ്ങളില്‍ നിന്നുമാവാം...

ഒരു കാലത്തു ഇന്ത്യന്‍ സിനിമയുടെ ക്ഷുഭിത യൌവ്വനത്തിന്റെ പ്രതീകമായ ബച്ചന്‍ തന്റെ പ്രായത്തിനും അതിലുപരി വ്യത്യസ്തവും പക്വവുമായ വേഷങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ നേടിയ ബഹുമാന്യ സ്ഥാനം സ്വപ്നതുല്ല്യമാണ്.

പക്ഷെ ലാലോ... സ്വന്തം പ്രായത്തെയോ ശാരീരിക പരിമിതികളേയൊ തെല്ലും ഗൌനിക്കാതെ പതിനെട്ടു വയസ്സ് തികയാത്ത നായികയോടൊപ്പം മരം ചുറ്റി ഓട്ടം നടത്തിക്കൊണ്ടിരിക്കുന്നു; മലയാള പ്രേക്ഷകര്‍ക്ക്‌ ആവര്‍ത്തനവിരസതയുടെ പുത്തന്‍ മാനങ്ങള്‍ നല്കികൊണ്ടിരിക്കുന്നു...

ഒരുപക്ഷെ സുവര്‍ണഭൂത കാലത്തിന്റെ മധുര സ്മരണകളില്‍ നിന്നു ലാല്‍ മോചിതനായിട്ടുണ്ടാവില്ല.
അതിന്റെ പ്രതീകമാണല്ലോ ഇക്കാലത്തിലിറങ്ങിയ ലാലിന്റെ എല്ലാ ചവറു സിനിമകളും.
'ദേവാസുരം', 'ആറാം തമ്പുരാന്‍ ', 'നരസിംഹം ' ഹാങ്ങോവറില്‍ നിന്നും ലാല്‍ വിമുക്തനാകാന്‍ കാലം ഒരുപാടെടുത്തപ്പോള്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ടത് സത്യത്തില്‍ മലയാള സിനിമാ പ്രേക്ഷകരാണ്. വീണ്ടും കോമഡിയിലേക്കു തിരിച്ചു വന്ന അദ്ദേഹം 'വാമനപുരം ബസ്സ് റൂട്ട് ' പോലുള്ള ചവറു പടങ്ങള്‍ തന്നെ സ്നേഹിച്ച മലയാള പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ച്‌ അവരെ തന്നില്‍ നിന്നു പൂര്‍ണമായി അകറ്റുകയും ചെയ്തു.

ഞങ്ങള്‍ക്ക് മടുത്തു ലാല്‍. ' സാഗര്‍ ഏലിയാസ് ജാക്കി ' എങ്ങനെയാണു കൊല്ലാന്‍് വരുന്നതു എന്നാലോചിച്ചു ഞങ്ങളുടെ ഉറക്കം നഷ്ടപെട്ടിരിക്കുന്നു. ഒരു പക്ഷെ ഞങ്ങള്‍ക്കും പ്രായം കൂടി വരുന്നതു കൊണ്ടാവാം, ഇത്തരം കത്തി വേഷങ്ങള്‍ ഇനിയും സഹിക്കാന്‍ ഞങ്ങള്‍ക്കും കരുത്തില്ല.

പ്രിയ ലാല്‍..

പഴയ വേഷങ്ങളില്‍ ഒട്ടിപ്പിടിച്ചിരിക്കാതെ പുതിയ വേഷങ്ങള്‍ ഒരു വെല്ലു വിളിയായി ഏറ്റെടുക്കൂ. ഞങ്ങളെ ഒരിക്കല്‍ വിസ്മയിപ്പിച്ച , ഞങ്ങളുടെ കുട്ടിക്കാലത്തെ ആഹ്ലടപൂര്‍ണമാക്കിയ അങ്ങയില്‍ നിന്നും ഞങ്ങള്‍ ഏറെ പ്രതീക്ഷിക്കുന്നു.. പ്രതിഭ വറ്റാറായി എന്നുണ്ടെങ്കില്‍ പോലും മലയാള സിനിമയിലെ ചക്രവര്‍ത്തി സ്ഥാനം അങ്ങയെ കാത്തിരിക്കുന്നു.. ഹിന്ദി സിനിമയില്‍ ഇന്നു അമിതാബ് ബച്ചനുള്ള സ്ഥാനം.. ഷാരൂഖ് ഖാന്റെയും ഹൃത്വിക് രോഷന്റെയും അച്ഛനായി അമിതാബ് ബച്ചന് അഭിനയിക്കാമെങ്കില്‍ എന്തുകൊണ്ട് നമ്മുടെ ലാലേട്ടന് പ്രിദിരാജിന്റെയും ദിലീപിന്റെയും ജയസൂര്യയുടെം എന്തിന് മമ്മൂട്ടിയുടെ പോലും അച്ഛനായി അഭിനയിച്ചുകൂടേ?

എന്താണ് നിങ്ങളുടെ അഭിപ്രായം?

1 comment:

Unknown said...

avanu ippol bakkiyullavar abinayikkathatahlla vishamam..mohanlal abhinayikkunathu kondanu arichal...onnnu podaa uvvveyy..........eee mammootttee parayathininganiya veshamanoo abinayikkunathu